Connect with us

Cinema

അമ്മ ഡിജിറ്റല്‍ അംഗത്വ കാര്‍ഡ് മമ്മൂട്ടിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു; യോഗ ദിവസം സിനിമാ ചിത്രീകരണം വെച്ചതില്‍ പ്രതിഷേധം

Published

on

കൊച്ചി: അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് (അമ്മ) വാര്‍ഷിക പൊതുയോഗത്തില്‍ അംഗങ്ങളുടെ ഡിജിറ്റല്‍ ഐഡന്റിറ്റി കാര്‍ഡ് പ്രസിഡന്റ് മോഹന്‍ലാല്‍ മമ്മൂട്ടിക്ക് നല്‍കി തുടക്കം കുറിച്ചു. കൊച്ചിയിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് അമ്മ ജനറല്‍ബോഡി യോഗം ചേര്‍ന്നത്.

അമ്മ അംഗത്വത്തിനുള്ള ശ്രീനാഥ് ഭാസിയുടെ അപേക്ഷ ജനറല്‍ബോഡി യോഗം നിരാകരിച്ചു. സിനിമാ രംഗത്തെ മറ്റു സംഘടനകളുമായി ശ്രീനാഥ് ഭാസിക്ക് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് അംഗത്വം സ്വീകരിക്കാതിരുന്നത്്. മറ്റു സംഘടനകളില്‍ നിന്നും എന്‍. ഒ. സി ലഭിക്കുന്ന മുറയ്ക്ക് ശ്രീനാഥ് ഭാസിയുടെ അംഗത്വം പരിഗണിക്കും.

എക്‌സിക്യൂട്ടീവ് യോഗത്തില്‍ അംഗീകരിച്ച ആറു പേര്‍ക്കും അമ്മയില്‍ അംഗത്വം ലഭിക്കും. വിജയന്‍ കാരന്തൂര്‍, ബിനു പപ്പു, സലീം ബാവ, സഞ്ജു ശിവറാം, ശ്രീജ രവി, നിഖില വിമല്‍ എന്നിവരുടെ അംഗത്വ അപേക്ഷകളാണ് പരിഗണിച്ചത്.

മഴവില്‍ മനോരമ എന്റര്‍ടൈന്മെന്റ് അവാര്‍ഡ്- 2023 ആഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ നടത്തുവാനും യോഗം അംഗീകാരം നല്കി.

ഒരു വര്‍ഷത്തിനിടയില്‍ നിര്യാതരായ ഒന്‍പത് പേര്‍ക്ക് യോഗം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പ്രേംകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

അമ്മ ജനറല്‍ബോഡിയില്‍ 290 പേരാണ് പങ്കെടുത്തത്. വനിതകളാണ് പങ്കെടുത്തവരില്‍ കൂടുതലെന്ന പ്രത്യേകതയുമുണ്ട്. 80 പേര്‍ അവധി അപേക്ഷ നല്‍കി. വാര്‍ഷിക പൊതുയോഗ തിയ്യതി നേരത്തെ അറിയിച്ചിട്ടും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭരണസമിതി അംഗത്തിന്റേത് ഉള്‍പ്പെടെ അഞ്ചിലേറെ സിനിമകളുടെ ചിത്രീകരണം നടത്തിയതിനെ തുടര്‍ന്ന് അംഗങ്ങള്‍ക്ക് യോഗത്തിന് എത്താന്‍ സാധിക്കാത്തതില്‍ യോഗം പ്രതിഷേധം അറിയിച്ചു. അംഗങ്ങള്‍ക്ക് യോഗത്തിന് എത്തിച്ചേരുവാന്‍ സൗകര്യം ചെയ്തു കൊടുക്കാത്തതില്‍ അമ്മയുടെ പ്രതിഷേധം പ്രൊഡ്യൂസഴ്‌സ് അസോസിഷന്‍ പ്രസിഡന്റിനെയും സെക്രട്ടറിയേയും ഫോണില്‍ വിളിച്ചാണ് അറിയിച്ചത്.

യോഗത്തില്‍ മോഹന്‍ലാല്‍ അധ്യക്ഷത വഹിച്ചു. ഇടവേള ബാബു വാര്‍ഷിക റിപ്പോര്‍ട്ടും സിദ്ദീഖ് കണക്കുകളും അവതരിപ്പിച്ചു. അടുത്ത വര്‍ഷം ജൂണ്‍ 30ന് നടക്കുന്ന മുപ്പതാം വാര്‍ഷിക യോഗത്തില്‍ ഭരണ സമിതി തെരഞ്ഞെടുപ്പ് നടക്കും.

Home
Videos
Shop
error: Content is protected !!